Saturday, April 21, 2018

അച്ഛനും അമ്മയും



അച്ഛനും അമ്മയും
എത്ര നന്ദി പറഞ്ഞാലും , ഒരിക്കലും കടപ്പാട് തീരാത്ത ഈ ഭൂമിയിലെ രണ്ടു ബന്ധങ്ങള്‍ അത് ഞങ്ങളുടെ അച്ഛനും അമ്മയുമാണ്. സ്നേഹത്തിന്‍റെയും വാത്സല്യത്തിന്റെയും വറ്റാത്ത നീരുറവകള്‍. വളരെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളില്‍ ജനിച്ചവര്‍, എങ്കിലും ഒരു കുറവും വരുത്താതെ ഞങ്ങളെ മൂന്നുപേരെയും വളരെ കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കി. അച്ഛന്‍ പലതരം കൂലി പണികള്‍ ചെയ്തും, ഭൂമി പാട്ടത്തിനു എടുത്തു കൃഷി ഇറക്കിയും ഞങ്ങളെ വളര്‍ത്താന്‍ വളരെ കഷ്ടപെടിട്ടുണ്ട്. അമ്മ എന്നും വീട്ടമ്മയായിരുന്നു. എന്നിരുന്നാല്‍  തന്നെയും ഒത്തിരിയൊത്തിരി കഷ്ടപ്പെട്ടു ഞങ്ങളെ മൂന്നുപേരേയും വളര്‍ത്തി. എന്നും ലോകത്തിലെ ഏറ്റവും നല്ല ഗുരുക്കന്മാരായിരുന്നു ഞങ്ങളുടെ അച്ഛനും അമ്മയും . അവരുടെ വിശപ്പ്‌ മറന്നു ഞങ്ങളുടെ വിശപ്പ്‌ മാറ്റാന്‍ എന്നും ശ്രെമിച്ചിരുന്നു. വീട്ടില്‍ അതിഥികള്‍ എത്തുമ്പോഴും അവരെ സല്കരിക്കുന്നതില്‍ എന്നും ഒരു ഉത്തമ ഉദാഹരണം ആയിരുന്നു അവര്‍ . തെറ്റുകള്‍ കണ്ടാല്‍ തിരുത്താന്‍ ഒരു മടിയും കാട്ടിയിരുന്നില്ല. തല്ലുകള്‍ ഒത്തിരിയൊത്തിരി വാങ്ങി കൂട്ടിയിട്ടുണ്ട്. ചെറിയ തെറ്റുകള്‍ പോലും തിരുത്തിയിരുന്നത് നല്ല ശിക്ഷകളിലൂടെയാണ്. ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ നന്നായി എന്നെ തോന്നുന്നുള്ളൂ.
അച്ഛന്റെയും അമ്മയുടെയും മാതാപിതാക്കള്‍ പാരമ്പര്യമായി തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരയിരുന്നു. അച്ഛന്‍ പത്താം തരം വരെയും , അമ്മ ആറാം തരം വരെയും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി . എന്നിരുന്നാല്‍ തന്നെയും മക്കളുടെ വിദ്യാഭ്യാസത്തില്‍ ഒരുപാടു പ്രാധാന്യം നല്‍കിയിരുന്നു. മുത്തശ്ശന്‍ മുത്തശ്ശി ഇവരൊക്കെ ഓര്‍മ്മകള്‍ മാത്രമാണ്. ആകെ കണ്ടിട്ടുള്ളത്  അച്ഛന്റെ അമ്മയെ (അച്ചാമ്മ) മാത്രമാണ്. മുത്തശ്ശന്‍ മുത്തശ്ശി, ഇവരുടെയൊക്കെ ലാളനയും സ്നേഹവും എന്നും ഒരു തീരാനഷ്ടം തന്നെയായി നില്‍ക്കുന്നു.
ഞങ്ങളെ മൂന്നുപേരെയും വളര്‍ത്തിയ അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാടുകള്‍  എന്നും നനവാര്‍ന്ന ഓര്‍മകളെ നല്‍കുന്നുള്ളൂ. പകലന്തിയോളം പാടത്തും പലരുടെയും കണ്ടതിലും പണിയെടുത്തും, പല രാത്രികളിലും ഉറങ്ങാതെ പന്തല്‍ പണിക്കും, അതുപോലെ തന്നെ കല്യാണ വീട്ടിലെ സദ്യ ഉണ്ടാക്കുന്ന പണിക്കും, പശുവിന്റെ ചാണകം ചുമന്നും , കിണറു വെട്ടിയും, ഭാരം ചുമന്നും, ഒത്തിരിയൊത്തിരി ജോലികള്‍ ചെയ്താണ് അച്ഛന്‍ ഞങ്ങളെ വളര്‍ത്തിയത്‌. അമ്മയും വീട്ടില്‍ കോഴികുഞ്ഞുങ്ങളെ വളര്‍ത്തിയും, ആട്, പശു മുതലായവയൊക്കെ പരിപാലിച്ചും അച്ഛന് കൂട്ടയിനിന്നു. എന്നും ജോലി കഴിഞ്ഞു വരുന്ന അച്ഛന്റെ കയ്യിലെ പലഹാര പൊതി കൊതിയോടെ കാത്തിരുന്നിട്ടുണ്ട്. വിവാഹ സദ്യയുടെ പാചകത്തിന് പോയിവരുന്പോഴും കാത്തിരുന്നിട്ടുണ്ട് ആ പൊതിക്കെട്ടിനായ്. ഒരുമടിയും കൂടാതെ അച്ഛന്‍ ഞങ്ങള്കായി മിച്ചമുള്ളതും ചുമന്നു ദൂരങ്ങള്‍ താണ്ടി വരുമായിരുന്നു.
ആഹാരത്തിനു ബുധിമുട്ടിയിട്ടില്ല , കാരണം മക്കള്‍ക്ക് ആദ്യം നല്‍കിയിട്ടെ അവര്‍ കഴിച്ചിരുന്നുള്ളൂ. പലപ്പോഴും ഞങ്ങള്‍ കഴിച്ചതിന്റെ ബാക്കിയുള്ള ഒരുപിടി ചോറിലും കറിയിലും വിശപടക്കി ഉറങ്ങുന്ന അച്ഛനെയും അമ്മയെയും ഓര്‍ക്കുന്നു ഞാന്‍. ഞങ്ങളുടെ വളര്‍ച്ചയിലും വിജയത്തിലും എന്നും താങ്ങും തണലും വഴികാട്ടിയും വിളക്കുമായി കൂടെയുള്ള നല്ല കൂട്ടുകാര്‍ ആണ് അച്ഛനും അമ്മയും. ഒത്തിരിയേറെ പറയാനുണ്ട് എങ്കിലും ചുരുക്കുന്നു. ഇനിയുമൊരു ജന്മമുണ്ടെങ്കില്‍ ഈ അച്ഛന്റെയും അമ്മയുടെയും മകനയോ മകളയോ ജനിക്കുവാന്‍ അനുഗ്രഹം നല്‍കണേ ഈശ്വര.  

Tuesday, April 17, 2018

ജനനം



ജനനം
ഈശ്വരന്റെ കരവിരുതാല്‍ നിര്‍മിതമായ ഈ ഭൂമിയില്‍ ജനിക്കുവാന്‍ അവസരം നല്‍കിയ എന്‍റെ മാതാപിതാക്കള്‍ക്കും, എന്നെ അറിവിന്‍റെ വിവിതതലങ്ങള്‍ പകര്‍ന്നുനല്കി ഒരു അധ്യാപകനാക്കിയ എന്‍റെ പ്രിയ ഗുരുക്കന്മാര്‍കും, എന്‍റെ വളര്‍ച്ചയില്‍ കൂടെയുള്ള സ്നേഹനിധികളായ സഹോധരന്മാര്‍കും, എന്‍റെ ഉയര്‍ച്ചയിലും താഴ്ചയിലും എന്നും കൂടെ കൂട്ടായുള്ള പ്രിയ പത്നിക്കും, മറ്റു ബെന്ധുമിത്രാതികള്‍കും എന്‍റെ ഹൃദയംനിറഞ്ഞ നന്ദി.
പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാന കാലഘട്ടത്തില്‍ തിരുവനന്തപുരം (പഴയകാല തിരുവിതാംകൂര്‍) ജില്ലയിലെ നെയ്യാറ്റിന്‍കര താലുക്കില്‍ അതിയന്നൂര്‍ വില്ലേജില്‍ ശ്രീമാന്‍ .ശശികുമാര്‍, ശ്രീമതി.രാധ എന്നിവരുടെ മകനായി ജനനം. പ്രശാന്ത്‌ എന്ന് പേര്. രണ്ടു സഹോദരന്മാര്‍ പ്രിന്‍സ് & പ്രിജിന്‍. ഭാര്യ അശ്വതി , മകന്‍ അശ്വന്ത്. ആദ്യ അനുജന്‍ പ്രിന്‍സ് അനുജന്‍റെ ഭാര്യ സിന്ധു, മകന്‍ യുവിന്‍. രണ്ടാമത്തെ അനുജന്‍ പ്രിജിന്‍ അനുജന്‍റെ ഭാര്യ സന്ധ്യ, മകള്‍ അനന്തിക .